കഴിഞ്ഞ വര്‍ഷം ആദ്യമായാണ് ദീപാവലി ഒരുത്സവം പോലെ ഒരു നാടുമുഴുവന്‍ ഒരുമിച്ച് ആഘോഷിക്കുന്നത് കാണാനും അതില്‍ പങ്കുചേരാനുമുളള ഭാഗ്യമുണ്ടായത്. ഹൈദരാബാദ് ആഘോഷങ്ങളുടെ നാടായിരുന്നു.
അന്ന് അനെറ്റിന്‍റെ ചിലവായിരുന്നു അവളുടെ ഏട്ടന്‍റെ കല്യാണം പ്രമാണിച്ച് ബാവിര്‍ചി ഹോട്ടലില്‍ നിന്നും. ഞങ്ങള്‍ അഞ്ചുപേര്‍, അനെറ്റ്,ഗായത്രി,അനു,അപര്‍ണ പിന്നെ ഞാനും ഹോട്ടലില്‍ പാര്‍സല്‍ വാങ്ങാന്‍ കാത്തിരുന്നു. അവിടുത്തെ ഹോട്ടല്‍ ഒാണറിന് ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ വലിയ സന്ദോഷം, കേരളത്തില്‍ വന്നിട്ടുണ്ടെന്നും അവിടുത്തെ തെങ്ങും പുഴകളും പ്രകൃതിസൌന്ദര്യവും പിന്നെ ഭക്ഷണവും ഒക്കെ വളരെ ഇഷ്ടമാണെന്നും പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല, അവസാനം കേട്ടുകേട്ടു ഞങ്ങള്‍ മടുത്തു. അടുത്ത വെക്കേഷനും കേരളത്തിലേക് വരണമെന്നുണ്ടെന്നും അയാള്‍ പറഞ്ഞു. അപ്പോഴേക്കും ഒരു പുതിയ കസ്റ്റമര്‍ വന്നു, ഞങ്ങള്‍ രക്ഷപെട്ടു. ചില്ലുകുടിനുള്ളില്‍ കറങ്ങിക്കൊണ്ടിരുന്ന ഗ്രില്‍ഡ് ചിക്കെനും നോക്കി വെള്ളമിറക്കി ഞങ്ങളിരുന്നു. അങ്ങനെ ഒരുമണിക്കൂര്‍ ക്ലാസിലെ കൊച്ചുകൊച്ചു ഗോസിപുകളും ഒക്കെ പറഞ്ഞ് പാര്‍സലും കാത്തിരുന്നു. അത്ര വൈകുമെന്ന്‍ ഇറങ്ങുമ്പോള്‍ ഞങ്ങള്‍ കരുതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പുറത്ത് ഞങ്ങളെ കാത്തിരിക്കുന്നതെന്തെന്ന് ഞങ്ങള്‍ക്ക് ഒരൂഹവുമില്ലായിരുന്നു. 8 മണിയായപ്പോ പാര്‍സല്‍ കിട്ടി അവിടുന്ന് ഇറങ്ങി. കടകളൊക്കെ ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു. റോഡിനിരുവശങ്ങളിലുമായി ഒരുപാടാളുകളും കുട്ടികളും ഉണ്ടായിരുന്നു. പടക്കം പൊട്ടിക്കാനുള്ള തയാറെടുപ്പുകള്‍ പരിസമാപ്തിയിലെത്തിയ സമയത്താണ് ഞങ്ങള്‍ ഇറങ്ങിയത്. നോക്കുമ്പോളുണ്ട് വഴിയുടെ നടുക്ക് നെടുനീളത്തില്‍ മാലപ്പടക്കം ഇട്ടിരിക്കുന്നു, ഒരറ്റത്ത് തീകൊളുത്തിക്കഴിഞ്ഞു. ഞങ്ങള്‍ പേടിച്ച് റോഡിന്‍റെ സൈഡിലെ വെയിറ്റിംഗ് ഷെഡിലേക്ക് ചാടി. പിന്നെ കാതടപ്പിക്കുന്ന ശബ്ദവും വെളിച്ചവും പുകയും പൊട്ടലും ചീറ്റലും, അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. കുട്ടികളൊക്കെ വളരെ ആവേശത്തോടെ ഓടിനടക്കുന്നുണ്ടായിരുന്നു. മുന്നോട്ട് നടക്കാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത അപകടം മനസിലായത്, കൊച്ചുവില്ലന്മാര്‍ വെറുതെയല്ല ആവേശതോടെ കറങ്ങിനടക്കുന്നത് എല്ലാവരുടെയും കൈ നിറയെ ഏറുപടക്കങ്ങളാണ് ഒരുത്തന്‍ ഒരെണ്ണം ഞങ്ങള്‍ക്കുനേരെ കത്തിച്ചെറിഞ്ഞു..!! പിന്നോട്ട് മാറിയതുകൊണ്ട് കഷ്ടിച്ച് രക്ഷപെട്ടു. ഹോസ്റ്റലിലേക്ക് വെറും പത്തുമിനിറ്റ് നടക്കാനെ ഉള്ളെങ്കിലും അതോരുപാടുദൂരംപോലെ ഞങ്ങള്‍ക്കുതോന്നി. ഓരോച്വുടും നാലുപാടും ശ്രദ്ധിച്ച് എവിടുന്ന്‍ ഏതുപടക്കമാണ് ഞങ്ങള്‍ക്കുനേരെ വരുന്നതെന്നുംനോക്കി മുന്നോട്ടുവച്ചു. അങ്ങനൊക്കെയണെങ്കിലും എല്ലാം കാണാന്‍ നല്ലരസമുണ്ടായിരുന്നു. മത്താപ്പും കമ്പിത്തിരിയും ഓലപ്പടക്കങ്ങളും ചക്രവും ഒക്കെ റോഡിനുനടുവില്‍ വച്ചാണ് പോട്ടിച്ചുകൊണ്ടിരുന്നത് അതും ഒത്തിരി ആളുകള്‍ ഒരുമിച്ച്. മുന്നോട്ടുള്ളയാത്ര ദുര്‍ഘടമായിക്കൊണ്ടിരുന്നു, വഴിമുഴുവന്‍ മാലപ്പടക്കങ്ങള്‍..! ഞങ്ങള്‍ ഒരു ഷോര്‍ട്ട്കട്ട് വഴി പോകാന്‍ തീരുമാനിച്ചു. പക്ഷെ പടപേടിച്ച് പന്തളത്തുചെന്നപ്പോ പന്തോംകൊളുത്തിപ്പട എന്നുപറഞ്ഞപോലെ ആയിപ്പോയി. ആ വഴി അതിലും കഷ്ടം, വഴിക്കുനടുവില്‍ വല്യ റോക്കെറ്റു പോലുള്ള വാണം വച്ച് കത്തിച്ചുവിടുന്നു..!! നേരത്തെ വന്ന വഴിയില്‍ മാലപ്പടക്കം ഇട്ടിടത്തുകിടന്ന് പൊട്ടിക്കോളുമായിരുന്നു ഇതിപ്പോ വാണം എതുവഴിക്ക് വരുമെന്ന് പറയാന്‍ പറ്റില്ലല്ലോ.. അവിടുന്നു ജിവനുംകൊണ്ട് വന്ന വഴിയിലെക്കുതന്നെ തിരിച്ചുപോയി, സമയം കഴിയുന്തോറും ആള്‍കാരുടെ ആവേശവും പടക്കങ്ങളുടെ എണ്ണവും അപകടവും കൂടിക്കൂടി വന്നു. ആകാശത്ത് പല വര്‍ണങ്ങളില്‍ കുടകള്‍ വിരിഞ്ഞു. അതൊന്നും പക്ഷെ ആ അവസ്ഥയില്‍ ആസ്വദിക്കാന്‍ പറ്റുമായിരുന്നില്ല, മാനത്തെ കുടനോക്കി കലെടുത്തുവക്കുന്നത് ചിലപ്പോ ഗുണ്ടിന്‍റെ മുകളിലായിരിക്കും.!! വഴിവക്കിലെ കുട്ടികളാരെങ്കിലും നോക്കി ചിരിക്കുന്നതുകണ്ടാല്‍ അപ്പൊ പ്രതിക്ഷിക്കാം ഒരേറുപടക്കം പുറകെവരുന്നുണ്ടെന്ന്‍.എറിയരുതെന്ന്‍ പറഞ്ഞാല്‍ മനസിലാവാന്‍ അവര്‍ക്ക് മലയാളവുമാറിയില്ല അതിനുള്ള തെലുങ്ക് ഞങ്ങള്‍കുമറിയില്ല.. എല്ലാപടക്കങ്ങളില്‍നിന്നും എങ്ങനെയൊക്കെയോ രക്ഷപെട്ട് ഒടുവില്‍ ഹോസ്റ്റ്ലില്‍ എത്തിപ്പെട്ടു. അവിടൊരു ആള്‍ക്കൂട്ടമായിരുന്നു, നോര്‍ത്തിന്ത്യന്‍ ഫ്രണ്ട്സ് എല്ലാരും ഹോസ്റ്റലിനുവെളിയില്‍ പടക്കം പോട്ടിക്കുന്നുണ്ടായിരുന്നു അതുകാണാന്‍ ചുറ്റും ആളുകളും. കൂട്ടുകാരുടെ പടക്കം തീര്‍ന്നപ്പോ അടുത്ത കടയിലെ അങ്കിള്‍ ഒരു പെട്ടി പടക്കമാണ് തന്നത്. ഞാനും അവരുടെ കൂടെ കുടി. പൊട്ടിക്കാന്‍ രണ്ടുപടക്കം എനിക്കും കിട്ടി, അങ്ങനെ ഓസില്‍ രണ്ടുപടക്കം പൊട്ടിച്ച് ഞാനും സംതൃപ്തിയടഞ്ഞു. പടക്കം തീര്‍ന്നപ്പോ നേരെ ഹോസ്റ്റലിന്‍റെ റ്റെറസിലേക്കോടി പല വര്‍ണങ്ങളില്‍ കുടകള്‍ വിരിയുന്നത് കാണാന്‍....





No comments:
Post a Comment